പരപ്പ: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലായി ഉൾപ്പെടുന്ന മാളൂർകയം പട്ടികവർഗ ഉന്നതിയിലെ താമസക്കാർ മഴ കനക്കുമ്പോൾ കടുത്ത ആശങ്കയിൽ. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ മുണ്ടത്തടത്തിന്റെ താഴ്വാരത്താണ് മാളൂർക്കയം ഉന്നതിയിലെ വീടുകളും അങ്കണവാടിയുമുള്ളത്. മലമുകളിലെ ക്വാറിയുടെ സാന്നിധ്യമാണ് ഇവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നത്.
കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, സ്ഥിരം സമിതി അധ്യക്ഷരായ എം. സുരേന്ദ്രൻ, സജിത് കുമാർ, പഞ്ചായത്ത് അംഗം എം. ഓമന, പൊതുപ്രവർത്തകരായ എ.ആർ. രാജു, സിജോ പി. ജോസഫ് എന്നിവർ
മാളൂർക്കയത്തെ വീടുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഊരുമൂപ്പൻ കണ്ണൻ, സുകുമാരൻ, രാമകൃഷ്ണൻ, വിജയൻ, ശാന്ത എന്നിവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മഴ കൂടുതൽ കനക്കുകയാണെങ്കിൽ ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പരപ്പ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.